ബെര്‍ലിന്‍: മുക്കാടന്‍ എന്ന അപരനാമത്തില്‍ ചെറുകഥകളും നോവലും എഴുതുന്ന ജര്‍മന്‍ മലയാളി എഴുത്തുകാരന് എഡ്വേര്‍ഡ് നസ്രത്തിന്റെ കാര്‍ണിവല്‍ എന്ന നോവല്‍ ജര്‍മന്‍ യൂണിവേഴ്സിറ്റിയില്‍ പാഠപുസ്തകമായി അംഗീകരിച്ചു.
600 വര്‍ഷത്തിലേറെ പഴക്കമുള്ള ജര്‍മനിയിലെ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയിലെ മലയാളം വിഭാഗത്തിലെ വിദ്യാർഥികള്‍ക്കാണ് കാര്‍ണിവല്‍ എന്ന നോവല്‍ പാഠപുസ്തകമായത്. മലയാളത്തിലും ജര്‍മന്‍ ഭാഷയിലും ഒരേസമയം നോവല്‍ പ്രസിദ്ധീകരിച്ചത് സ്ഥിതി പബ്ലിക്കേഷന്‍സാണ്.
നോവലിന്റെ രണ്ടുപതിപ്പും യൂണിവേഴ്സിറ്റി സ്വീകരിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ് മുക്കാടന്‍. ജര്‍മനിയിലെ ബാഡന്‍-വുര്‍ട്ടംബര്‍ഗ് സംസ്ഥാനത്തെ ട്യൂബിംഗനില്‍ സ്ഥിതി ചെയ്യുന്ന പഴക്കമേറിയ സര്‍വകലാശാലയാണ് എബര്‍ഹാര്‍ഡ് കാള്‍സ് യൂണിവേഴ്സിറ്റി ഓഫ് ട്യൂബിംഗന്‍.
1477ല്‍ കൗണ്ട് എബര്‍ഹാര്‍ഡ് ഇ. ബാര്‍ട്ടിന്റെ പ്രേരണയാല്‍ സ്ഥാപിതമായ ഈ യൂണിവേഴ്സിറ്റി യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലകളില്‍ ഒന്നാണ്. തിരൂർ തുഞ്ചത്ത് എഴുത്തച്ഛന് മലയാളം സര്‍വകലാശാലയുടെ പ്രഥമ മലയാളം ചെയര്‍ 2015ല്‍ ട്യൂബിംഗന്‍ യൂണിവേഴ്സിറ്റിയില്‍ സ്ഥാപിച്ചിരുന്നു.